2014, ഡിസംബർ 13, ശനിയാഴ്‌ച

കണ്ടൽകാടുകൾക്കിടയിലൂടെ

                      പോർട്ട്‌ ബ്ലയറിലെ യാത്രക്ക് ശേഷം കുറച്ചു ദിവസ്സം ചെന്നൈയിൽ തങ്ങി.ലുധിയാനയിൽ ജോയിൻ ചെയ്യാൻ ഇനിയും ഒരു മാസം ബാക്കിയുണ്ട്.അത് കൊണ്ട് തന്നെ ചെന്നൈയിൽ ഒരു കാൾ സെന്ററിൽ ജോലി ചെയ്യുന്ന സുഹ്യത്ത് രാകേഷിന്റെ കൂടെ കൂടി.രാവിലെ എണീച്ചു പുറത്തു കറങ്ങാൻ പോകും.രാത്രി നെറ്റിൽ അടുത്തുള്ള ടൂറിസ്റ്റ് ടെസ്ടിനേശൻ ഒക്കെ നോക്കി ചില നോട്ട്സ് ഉണ്ടാക്കി വെക്കും.അങ്ങനെ തപ്പി കൊണ്ടിരിക്കുമ്പോയാണ് പിച്ചാവരത്തെ കുറിച്ച് കാണുന്നത് കൂടുതൽ വിവരങ്ങൾ നോക്കുമ്പോൾ സംഗതി കുഴപ്പമില്ല എന്ന് തോന്നി.രാകേഷിന്റെ കാറും എടുത്തു അതിരാവിലെ തന്നെ വെച്ചുപിടിക്കാം എന്ന് കരുതി. എന്നാൽ  അലാറം ചതിച്ചത്  കാരണം എണീച്ചപ്പോൾ 7 മണി കഴിഞ്ഞു.പെട്ടെന്ന് ഫ്രഷ്‌ ആയി പുറത്തിറങ്ങി.നോക്കുമ്പോൾ രാകേഷും റെഡിയായി വന്നിരിക്കുന്നു.സ്വതവേ പേടിതൊണ്ടനായ രാകേഷ് ഞാൻ തനിച്ചു പോകുന്നതിൽ ധൈര്യം ഇല്ലാത്തത് കൊണ്ടാവണം കൂടെ വരുന്നത്.മൂന്നു വർഷത്തിലധികം ചെന്നൈയിൽ ഉണ്ടായിട്ടും മറീന ബീച്ചിലേക്ക് പോകാനുള്ള വഴി പോലും അറിയാത്ത മഹാനാണ്‌ രാകേഷ്.ഈസ്റ്റ്‌ കോസ്റ്റ് റോഡ്‌ വഴി ആണ് യാത്ര.സുന്ദരമായ റോഡ്‌.ഇരുവശത്തും നല്ല കാഴ്യ്ച്ചകളോടെ  രണ്ടു വരി പാത.വിരളമായി മാത്രം റോഡ്‌ യാത്ര പോകുന്നത് കൊണ്ടാകാം ആ റോഡ്‌ "ക്ഷ" പിടിച്ചു.പിന്നീടു പോയ മനാലി-ലേ  റോഡും ഇത് പോലെ സുന്ദരമായിരുന്നു. സഞ്ചാരികൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയത് പോലെയാണ് ഈസ്റ്റ്‌ കോസ്റ്റ് റോഡ്‌.രണ്ടു ദിവസ്സം യാത്ര ചെയതാലും തീരാത്ത കാഴ്യ്ച്ചകൾ ആണ് ഈ റോഡിലൂടെ  പോവുമ്പോൾ കാണുക.അഡയാറും,മഹാബലിപുരവും,കടന്നു  പോണ്ടിച്ചേരിയും കൂടല്ലൂരുംകഴിഞ്ഞു  തൂത്തുകുടി വരെ നീളുന്നതാണ് ഈ പാത.കിള്ളി എന്ന സ്ഥലത്ത് വെച്ച് ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങി.ഇനി കുറച്ചു  ദൂരം കൂടിയേ ഒള്ളൂ.ചെറിയ കട ആയതുകാരണമാവണം രാകേഷിന്റെ മുഖത്തൊരു ഇഷ്ടക്കേട്‌ പ്രകടമായിരുന്നു.രാവിലെ മുതൽ പട്ടിണിയായത് കാരണം ഞാൻ നല്ല തട്ട് തട്ടി.

1800 ഏക്കറിൽ പടർന്നു കിടക്കുന്ന കണ്ടൽ കാടുകളുടെ തുരുത്താണ് പിച്ചാവരം.ഇതിനകത്തൂടെയുള്ള യാത്രക്ക് വേണ്ടി തമിഴ്നാട്‌ സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ള ചെറിയ ബോട്ടുകൾ, വഞ്ചികൾ എന്നിവ സർവീസ്സ്  നടത്തുന്നുണ്ട്.ഒരു ചെറിയ ബോട്ടിന് 800 രൂപയാണ് ചാർജു ചെയ്യുന്നത്, നാലു പേർക്ക് യാത്രചെയ്യാം.അവിടെ കണ്ട രണ്ടു കപ്പിൾസിനെ സമീപിച്ചു ഞാൻ ഞങ്ങളെ കൂടെ കൂടുന്നോ എന്ന് ചോദിച്ചു.അവർക്കും സമ്മതം.ചേർന്നുള്ള ഇരിപ്പും,പ്രകടനങ്ങളും കണ്ട് അടുത്ത്‌ കല്യാണം കഴിച്ചവരാണെന്ന് ഞാൻ ഊഹിച്ചു. ബോട്ടിൽ ലൈഫ് ജാക്കെറ്റ്‌ ഉണ്ടായിരുന്നില്ല.അന്വേഷിച്ചപ്പോൾ പേടിക്കേണ്ട, ഇത്രേം ആഴം മാത്രമേ കാണു എന്ന് പറഞ്ഞു പങ്കായത്തിൽ ഒരു അടയാളം കാണിച്ചു.ഒരു മൂന്നോ, നാലോ അടി കാണും.പയ്യെ പയ്യെ ബോട്ട് മുന്നോട്ടു നീങ്ങി.തുഴയുന്ന ആളുമയി ഞാൻ സംസാരിച്ചു.കയ്യിൽ നല്ല മസ്സിലൊക്കെ ഉള്ള ചേട്ടന്റെ പേര് ശെൽവരാഘവൻ.ഓരോന്ന് പറഞ്ഞു പുള്ളിയുമായി കമ്പനിയായി.ബോട്ട് മുന്നോട്ടു പോകുന്തോറും നിബിഡവനം പോലെ കണ്ടൽകാടുകൾ തിങ്ങാൻ തുടങ്ങി.


ശെൽവരാഘവനുമായി ഒരു കുറച്ചു അടുത്തുപെരുമാറിയത് കൊണ്ടാകണം കൂടുതൽ വിവരങ്ങൾ പറഞ്ഞു തന്നു.ഒരു സ്ഥലത്ത് വെച്ച് പറഞ്ഞു ഇവിടെയാണ് നിങളുടെ മോഹൻലാൽ ഒരു സിനിമയിൽ ബോട്ടിൽ പോകുന്നത്.ഉടനെ രാകേഷ് കയറി പറഞ്ഞു മാന്ത്രികം.വേറെ എതെക്കെയോ തമഴു-കന്നഡ സിനിമകളുടെ പേരും പറഞ്ഞു.ഒന്നര മണിക്കൂർ യാത്രയിൽ കുറച്ചു ഭാഗം ബീച്ചിന്റെ ഭാഗമായ ഒഴിഞ്ഞ പ്രദേശത്തൂടെ ആണ്.എന്റെ നിർബന്ധത്തിന് വഴങ്ങി ശെൽവരാഘവൻ അത് വേണ്ടെന്നു വെച്ചു.

കുറച്ചു ദൂരം പിന്നിട്ടപ്പോൾ ശെൽവരാഘവൻ വിരൽ വായിൽ വെച്ച് ഒരു ശബ്ദം ഉണ്ടാക്കി.പെട്ടെന്ന് പക്ഷികളുടെ ആരവവും അതിനു പിറകിലായി കുറെ പക്ഷികളും ബോട്ടിനെ വലയം ചെയ്തു.കൂടെ ഉണ്ടായിരുന്ന നവവധുവിന്റെ മുഖം പേടി കൊണ്ട് വിളറി വെളുത്തു.പേടിക്കേണ്ട ഒന്നും ചെയ്യില്ല എന്ന ശെൽവന്റെ വാചകമൊന്നും ആ കുട്ടിയുടെ പേടി മാറ്റാൻ പോന്നതായിരുന്നില്ല.ബോട്ടിന്റെ അരികിൽ സൂക്ഷിച്ച ഒരു കവറിൽ നിന്നും പൊരി പോലെ തോന്നിക്കുന്ന എന്തോ വാരി വിതറി.ഇപ്പോൾ പക്ഷികൾ കുറവാണത്രേ സീസ്സണിൽ പക്ഷിനിരീക്ഷകരുടെ ബഹളമാവും ഇവിടം.
സുന്ദർബൻ കഴിഞ്ഞാൽ ഇന്ത്യയിലെ കണ്ടൽകാടുകളിൽ പ്രഥമ സ്ഥാനം പിച്ചാവരത്തിനുണ്ട്.കണ്ടൽക്കാടുകൾ ഒരു ആവാസവ്യവസ്ഥ മാത്രമല്ല പ്രക്യതിയുടെ സന്തുലിനവസ്ഥക്ക് കോട്ടം തട്ടാതെയിരിക്കാൻ ഇതും കൂടിയേ തീരു.തീരപ്രദേശം ആയിരിന്നിട്ടും പിച്ചാവരം സുനാമിയിൽ പിടിച്ചു നിന്നതിൽ നിർണായക പങ്കു ഈ കണ്ടൽകാടുകൾക്ക് തന്നെയാണ്


2014, ഡിസംബർ 6, ശനിയാഴ്‌ച

പച്ചകുതിര



മഴ കുറച്ചു കുറഞ്ഞിരിക്കുന്നു, ചാറ്റൽ മഴ മാത്രമേ ഒള്ളൂ.സുലോചന നിരത്തി വെച്ച പാത്രങ്ങളിലെ വെള്ളമെല്ലാം എടുത്തുകളഞ്ഞു.കഴിഞ്ഞ മീനത്തിൽ ഇറക്കിമേയണം എന്ന് വിചാരിച്ചിരുന്നതാ.പറ്റിയില്ല.ഇടക്കിടക്ക് സുലോചന മുകളിലേക്ക് നോക്കി നെടുവീർപ്പിടും.അമ്മുവിന്റെ കാര്യമാണ് കഷ്ടം.തണുത്തു വിറച്ച് കിടക്കുന്നത് കണ്ടാൽ സങ്കടം തോന്നും.എന്നാലും അവൾക്ക് ഒന്നിനും പരാതിയില്ല.അല്ലെങ്കിൽ തന്നെ ആരോട് പരാതി പറയാനാണ്.ഏട്ടൻ മരിച്ചതിൽ പിന്നെ കഷടപ്പാട് തന്നെയായിരുന്നു.അന്നവൾക്ക് മൂന്നു വയസ്സ്.ഇപ്പൊ അതിനോടക്കോ അവൾ പൊരുത്തപെട്ട് തുടങ്ങിയിരിക്കുന്നു.അല്ല, അമ്മു എവിടെ.

അമ്മൂ, മോളെ അമ്മൂ ...........ഈ കുട്ടി എവിടെ പോയി.

അമ്മേ, ഞാനിവിടെ ഉണ്ട്.  

അമ്മു പറമ്പിൽ എന്തോ അന്വേഷിച്ചു നടക്കുകയാണ്.ഒരു വാഴതണ്ട് തലക്കു മുകളിൽ വെച്ചിരിക്കുന്നു.എന്തോ കാര്യമായ തിരച്ചിലിലാണ്.

എന്താ കുട്ട്യേ നോക്കണേ, ഇവിടെ വാ.വെറുതെ മഴ കൊണ്ട് പനി പിടിപ്പിക്കണ്ട.

ഇപ്പം വരാമ്മേ.

കുറച്ചു കഴിഞ്ഞു അമ്മു കയറി വന്നു.മുഖത്തു നിരാശ ഉണ്ടായിരുന്നു.പിഞ്ഞി കീറിയ ഉടുപ്പിൽ മഴ വെള്ളം വീണു കുതിർന്നിരുന്നു.

ഞാൻ കൊറേ നോക്കി, കിട്ടീല.ഇനി എന്താമ്മേ ചെയ്യ്യാ?

എന്തൊക്ക്യാ കുട്ട്യേ പറയണേ.നിക്കൊന്നും മനസ്സിലാവിണില്ല്യാ.എന്ത് കിട്ടീല്ലാന്നാ പറയണേ .

പച്ചകുതിരേനെ.

പച്ചകുതിരെ? എന്തിനാപ്പം അതിനെ?

അത് നമ്മടെ വീട്ടിലുണ്ടെങ്കിൽ,നമ്മടെ കഷ്ടപാടൊക്കെ മാറുംന്ന് ജാനു പറഞ്ഞല്ലോ.

ഒരു നിമിഷം സുലോചന വല്ലാതെയായി.

ജാനു വെറുതെ പറഞ്ഞതാവും.അയിനാണോ ഈ കണ്ട മഴ ഒക്കെ കൊണ്ടത്‌.

അല്ലമ്മെ ജാനു അയ്യപ്പ സ്വാമിയേ വെച്ച് സത്യം ചെയ്തല്ലോ.

ന്റമ്മൂ,  അതിനു ഈ മഴ മാറണ്ടേ.ന്നലേല്ലെ അയിറ്റ പൊറെത്തെറങ്ങൂ.മഴ മാറിയാൽ അത് നമ്മടെ ഉത്തരത്തിൽ വന്നിരിക്കും.

അയിനു എന്നാ മഴ മാറ്യ ?

കൊറേചീസ്സം കഴിഞാൽ മാറും.

അന്ന് രാത്രി കർക്കിടകം ആ  കൊച്ചു വീട്ടിൽ പെയ്തിറങ്ങി.മഴത്തുള്ളികൾ വീണു കാലുകൾ നനയുന്നെണ്ടെകിലും അമ്മു ഒരു സ്വപ്നം കണ്ടു പുഞ്ചിരിക്കുന്നുണ്ടായിരുന്നു.സ്വപ്നത്തിൽ ഒരു കൂട്ടം പച്ചകുതിരകൾ അമ്മുവിനെ പൊതിഞ്ഞിരുന്നു.





2014, ഡിസംബർ 2, ചൊവ്വാഴ്ച

പ്രിയപ്പെട്ട അച്ഛൻ


       "നല്ല തന്തക്കു ജനിക്കണം"

 കണ്ണ് ചുവപ്പിച്ച്, കവിളുകൾ ഇളക്കിയുള്ള സുരേഷ് ഗോപിയുടെ ഏറെക്കുറെ സ്ഥിരം ക്ഷുഭിത കഥാപാത്രങ്ങളിൽ കേൾക്കുന്ന ഡയലോഗാണിത്. ഏതാണീ നല്ല തന്ത? കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞെന്ന് പറയുന്ന പോലെ എല്ലാവർക്കും അവനവന്റെ തന്ത തന്നെയായിരിക്കും നല്ല തന്ത.തന്ത,തന്ത എന്ന് കേട്ട് മുഖം ചുളിയുന്നുണ്ടോ? ഓ...മനോനിലക്ക് അനുസരിച്ച് തന്ത ഒരു തെറിയായും ഉപയോഗിക്കും അല്ലെ.ക്ഷമിക്കൂ, ഇനി അച്ഛൻ എന്ന് തന്നെ സംബോധന ചെയ്യാം.

എന്റെ അച്ഛൻ നല്ലൊരു അച്ഛൻ ആയിരുന്നില്ല.പക്ഷേ എന്നും പറഞ്ഞു അങ്ങേരെ ഒരിക്കലും കുറ്റപെടുത്താനും ഞാൻ ശ്രമിക്കാറില്ല.അദേഹത്തിന് അദെഹത്തിന്റെതായ ന്യയീകരണങ്ങൾ ഉണ്ടാവാം.വളരെ ചുരുക്കം നല്ല അച്ഛന്മാരെയേ ഞാൻ കണ്ടിടോള്ളൂ.തന്നോളം പോന്ന മകനെ താനെന്നു വിളിക്കുന്നവൻ തന്നെയാണ് നല്ല അച്ഛൻ.തന്റെ മകൻ വേറെ ഒരു വിക്തിയാണെന്ന് അംഗീകരിക്കുന്നതിലൂടെ തീർച്ചയായും അവിടെ ഒരു സവഹാദ്രം രൂപപെടുന്നു.അച്ഛന്മാരെ ഭയപ്പെടുകയല്ല, സ്നേഹിക്കുകയല്ലേ വേണ്ടത്.മലയാളത്തിലെ സാഹിത്യലോകത്ത് നിന്നും എത്ര നല്ല അച്ഛൻ കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട്.ബാല്യകാലസഖിയിൽ മജീദിന്റെ വാപ്പയുടെ ..പോടാ ... എന്ന ഒരു വാചകം ഈ ഭൂമിയുടെ അങ്ങേ അറ്റം വരെ ഓടാൻമാത്രം മജീദിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും?

ഒരു കാലഘട്ടത്തിൽ എല്ലാവരുടെയും അടുത്ത ശത്രു അച്ഛൻ തന്നെ ആയിരിക്കും.കർശനമായ നിയന്ത്രണങ്ങളിൽ വിഷമിക്കുന്ന 14-16  സമയത്ത്.സിനിമ സംവിധായകൻ സത്യൻ അന്തിക്കാട്‌ ചെയ്ത സിനിമകളിൽ അച്ഛൻ കഥാപാത്രങ്ങൾ എനിക്ക് വളരെയധികം ഇഷ്ടമാണ്.അന്ന് വരെ കാണാത്ത അച്ഛന്മാരെയാണ് സത്യൻ എനിക്ക് പരിചയപെടുത്തിയത്.പലപ്രാവിശ്യം എന്റെ അച്ഛനെയും സത്യന്റെ അച്ഛൻ കഥാപാത്രങ്ങളെയും താരതമ്യം ചെയ്തിരുന്നു.അവസാനം ഇത് സിനിമയാണ്, ഇതൊരിക്കലും ആരുടെയും ജീവിതത്തിൽ ഉണ്ടാവില്ല എന്ന് ആത്മകഥം ചെയ്യും.കൊച്ചുതോമ എന്നെ അത്രക്കും സ്വാധീനിച്ചിരുന്നു.

എന്നാൽ ഡിഗ്രീ പഠനകാലത്ത് "കൊച്ചുതോമ്മയെ" ഞാൻ കണ്ടുമുട്ടി.എന്റെ ആത്മമിത്രം ടോണിയുടെ അപ്പൻ.ആദ്യമായി എനിക്കരളോട് അസൂയ തോന്നി, ടോണിയോടു.പരസ്പരം കൂട്ടുകാരെ പോലെ പെരുമാറുന്ന അച്ഛനും അമ്മയും മകനും.കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം എന്നത് അനുഭവത്തിലൂടെ ഞാൻ തിരിച്ചറിയുകയായിരുന്നു.പ്ലസ്‌ ടു കഴിഞ്ഞു ടോണി അപ്പനോട് പറഞ്ഞൂ, അപ്പാ എനിക്ക് ഒരു വർഷം വെറുതെ ഇരിക്കണം.അപ്പൻ സമ്മദിചു.ആദ്യം മദ്യം ടോണിക്ക് പരിചയപെടുത്തിയത് അപ്പനായിരുന്നു.ഒരു ഗ്ലാസിൽ മദ്യം ഒഴിച്ചു കൊടുത്ത് കൊണ്ട് അപ്പൻ പറഞ്ഞൂ , കുട്ടാ( ടോണിയുടെ ചെല്ലപ്പേര്) ഫ്രിഡ്ജിൽ ബിയറിരിപ്പുണ്ട്, ആ ഷെൽഫിൽ ലിക്വറും.നിനക്ക് വേണമെങ്കിൽ ഉപയോഗിക്കാം.പക്ഷേ ഒരു പരിധി നീ തന്നെ വെക്കണം.ചെയ്യരുത് എന്ന നിർബന്ധമുള്ളവുമ്പോൾ ആണല്ലോ അതെന്താ ചെയ്താൽ എന്ന് തോന്നുക.ഞങ്ങളുടെ മദ്യപസദസ്സിൽ ടോണി സ്ഥിരം അംഗമാണെങ്കിലും മദ്യപിക്കുന്ന ദിവസ്സങ്ങൾ വളരെ ചുരുക്കമായിരുന്നു.ഒരിക്കൽ ടോണിയുടെ വീടിന്റെ മുകളിൽ സിഗരറ്റു വലിച്ചുകൊണ്ടിരുന്ന എന്നെയും ടോണിയെയും അവന്റെ അപ്പൻ വിളിപ്പിച്ചു പറഞ്ഞു, ഇടയ്കൊക്കെ കുഴപ്പമില്ല, പക്ഷേ അത് ദോഷം ചെയ്യും.

ഒരുമിച്ചു കള്ളുകുടിക്കുന്നതും, സിഗരറ്റ് വലിക്കുന്നതും ആണ് ഒരു നല്ല അച്ഛന്റെ മാത്യക എന്നല്ല പറയുന്നത്.വീട്ടിൽ സ്വതന്ത്രമായി സംസാരിക്കാൻ പറ്റുന്ന ആളായിരിക്കണം അച്ഛൻ.മകന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ പറ്റണം, അച്ഛനോട് പറയാൻ പറ്റാതെ വേറെ ആരെയെങ്കിലും അന്വേഷിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുത്.ടോണിയുടെ മമ്മ അവിചാരിതമായി മരണപെട്ടു.ഒരു വർഷത്തിനു ശേഷം ടോണി മുൻകൈ എടുത്തു അപ്പനെ വീണ്ടും കെട്ടിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞാലേ "കൊച്ചുതോമ്മയും" മകനും തമ്മിലുള്ള ബന്ധം മനസ്സിലാകൂ.അച്ഛൻ-അമ്മമാരേ വൃദസദനങ്ങളിൽ നടതള്ളുന്ന ഒരു കാലഘട്ടമാണെന്നു കൂടി ഓർക്കണം.




2014, ഡിസംബർ 1, തിങ്കളാഴ്‌ച

ഞാനും സൂചിയും

ജീവിതത്തിൽ പേടിയുള്ള മൂന്നു കാര്യങ്ങൾ ആണുള്ളത്.
1-പട്ടി
2-പാമ്പ്
3-ഇൻജെക്ഷൻ

പട്ടിയേം പാമ്പിനേം എങ്ങനെയെങ്കിലും ഒഴിവാക്കാം.എന്നാൽ ഇഞ്ചെകഷൻ അതിനു വഴങ്ങാതെ ഒരു രക്ഷയും ഇല്ല.സത്യത്തിൽ പേടിക്കാൻ മാത്രം എന്താണ് ഇതിലുള്ളതെന്നു ചിന്തിച്ചാൽ ഒന്നുമില്ല.വളരെ ചുരുക്കം ഓര്മ്മകളെ ഒള്ളൂ.ആദ്യത്തേത് "സുന്നത്ത് കല്യാണം" കഴിക്കുന്നതിനു മുന്പുള്ളതു.മറ്റൊന്ന് കാലിൽ ആണി കയറി, സേപ്ടിക്കാകും എന്ന് പറഞ്ഞു ചെയ്തത്.ഒരു തണുത്ത കാറ്റു, സെക്കെന്റുകൾ കൊണ്ട് തീരുന്ന പണിക്കു ഈ വെള്ളയുടുപ്പിട്ട മാലാഖമാർ കൊടുക്കുന്ന ബില്ഡപ്പ്  ഭയങ്കരമാണ്.ആദ്യം മരുന്ന് പൊട്ടിച്ചു സിറിഞ്ച് അകത്തേക്കിട്ടു മരുന്ന് വലിച്ചെടുത്തു മുകളിലേക്ക് പിടിച്ചു ഒരു തുള്ളി കളയും( ചിലപ്പോൾ ആത്മക്കൾക്കയിരിക്കും) ആ സെക്കന്റിൽ എന്റെ സകല ധൈര്യവുംപോകും.അടുത്ത കാലത്ത് ഒരു ഇൻജെക്ഷൻ എടുക്കാൻ പോയിരുന്നു.അവിടെത്തെ മാലാഖ മലയാളി തന്നെ.മുഖത്തൊക്കെ നല്ല ഗവരവം വരുത്തി ചില കുശലന്വേഷണമൊക്കെ നടത്തി പുള്ളിക്കാരി കാര്യത്തിലേക്ക് കടന്നു.ബട്ടക്കിൽ ആണ്. കുറച്ചു ചമ്മൽ ഉണ്ടെങ്കിലും കണ്ണടച്ചു കിടന്നു.ഡെറ്റോൾ ഇട്ടു തുടച്ചു കഴിഞ്ഞപ്പോൾ  ഞാനാകെ ബലം പിടിച്ചു കിടക്കുന്നു.പുള്ളിക്കാരി കുറെ ചീത്ത പറഞ്ഞു. അവസാനം എങ്ങനെയെക്കൊയോ എടുത്തു.

പണ്ട് സ്കൂളിൽ വെച്ച് ഒരു ഇഞ്ചകഷൻ മഹാമഹാം ഉണ്ടായിരുന്നു.എന്തോ വാക്സിൻ ആണ്.അങ്ങനെയുള്ള ദിവസ്സങ്ങളിൽ എന്തെങ്കിലും പറഞ്ഞു മുങ്ങറണ് പതിവ്.എന്നാൽ അപ്രവിശ്യം പെട്ടൂ.പേടിയെക്കാളും മറ്റുള്ള കുട്ടികൾ എന്റെ പരാക്രമം കാണുമല്ലോ എന്നായിരുന്നു എന്റെ ചിന്ത.എന്റെ ആത്മാർത്ഥ സ്നേഹിതൻ അരുണിന് എന്റെ ഈ സ്വഭാവം അറിയാം, അവൻ ഇത് കാണാൻ വേണ്ടി ജനലിൽ കൂടി കഷ്ടപ്പെട്ട് നോക്കുന്നുണ്ടായിരുന്നു.ഓരോരുത്തരും ചുളിഞ്ഞ മുഖത്തോടെ പോയികൊണ്ടിരുന്നു.ഇനിയുള്ളത് ജോമോൻ മാത്രം.ഞാനിതെത്രാ കണ്ടതാ എന്ന ഭാവമാണ് അവനു,എനിക്കാണെങ്കിൽ കയ്യും കാലും വിറക്കുന്നു,എന്റെ നെഞ്ഞിടിപ്പ്‌ എനിക്ക് തന്നെ കേൾക്കാം.പിന്നെ നടന്നതൊക്കെ നടകീയമായിരുന്നു.ജോമോനെ ഇഞ്ചക്ഷൻ വെച്ച് നേഴ്സ് തിരിഞ്ഞതും  ഞാനും ഷർട്ട്‌ കുറച്ചു തെറുത്തു കേറ്റി, കയ്യിൽ തടവി കൊണ്ട് ജോമോന്റെ പിന്നാലെ പോയി.ജോമോൻ എന്തോ പറയാൻ നിന്നതും അവനെ തള്ളികൊണ്ട് ഞാൻ പുറത്തു ചാടി. അന്ന് അരുണിന്റെ മുഖത്തു കണ്ട നഷ്ടബോധം ഇന്നും ഓർത്ത്‌ ചിരിക്കാറുണ്ട്.






2014, നവംബർ 11, ചൊവ്വാഴ്ച

നായകൻ

"ഫിലോട്ടാസ്"

എന്റെ പ്രിയപ്പെട്ട ചരിത്രനായകരിൽ ഒരാൾ.

ആരാണ് ഫിലോട്ടാസ്?

ചരിത്രവിദ്യാർഥികൾക്കോ,ചിലപ്പോൾ അത് പഠിപ്പിക്കുന്നവർക്കും ഫിലോട്ടാസ് അപരിചിതൻ ആയിരിക്കുംഅദേഹം ഒരെഴുത്തുകാരൻ അല്ലായിരുന്നു, വാക്കുകളുടെ മായാജാലം കൊണ്ട് അണികളെ വശീകരിച്ചവനല്ല, എതെങ്കിലും ചരിത്ര സംഭവത്തിലേക്ക് മാർച്ച് നടത്തിയവനും അല്ല. അലക്സണ്ടെർ ചക്രവർത്തിയുടെ സൈന്യത്തിലെ ഒരു സാധാരണ ഭടൻ ആയിരുന്നു ഫിലോട്ടാസ്.

ലോകത്തിന്റെ ഓരോ ഭാഗവും കീഴടക്കി അലക്സണ്ടെർ മുന്നേറികൊണ്ടിരുന്നു.അതുകൊണ്ട് തന്നെ ഞാൻ അജയ്യനാണ് എന്ന ചിന്ത അലക്സണ്ടെറിനെ അഹങ്കാരിയാക്കി.എനിക്ക് അസാധ്യമായി ഒന്നുമില്ല എന്ന് അലക്സണ്ടെർ പ്രഘ്യാപിച്ചപ്പോൾ അദേഹത്തിന് മൂന്ന് മുന്നറിയിപ്പുകൾ ഫിലോട്ടാസ് നൽകി.

"അലക്സണ്ടെർ ദൈവമാണെങ്കിൽ,അദേഹത്തിന്റെ സ്ഥാനം ലോകത്തിന്റെ സിംഹാസനത്തിലല്ല, ഒളിമ്പ്യൻ മലയുടെ മുകളിലാണ്"

പരസ്യമായാണ് ഇങ്ങനെ പറഞ്ഞതെങ്കിലും ആരും അത് അലക്സണ്ടെറിൽ എത്തിച്ചില്ല.എന്നാൽ അധികം താമസിയാതെ വാക്കുകൾക്ക് മൂർച്ച കൂട്ടി അടുത്ത പ്രസ്താവന ഇറക്കി.

   "അലക്സണ്ടെറുടെ മഹത്വം എന്റെ ചെറുവിരലിന്റെ അത്ര മാത്രമാണ്"


അലകസണ്ട്രുടെ ചെവികൾ വികാരഭരിതമായിരുന്നു.ഇത് അദേഹം എങ്ങനെ ഉൾകൊള്ളും എന്ന് ചിന്തിച്ച ചിലർ തൽക്കാലം ഇതും കേൾക്കാത്ത ഭാവത്തിൽ ഇരുന്നു.എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഫിലോട്ടെസ്സ് അടുത്ത വെടി പൊട്ടിച്ചു.

        "നാമൊക്കെ യാത്ര ആരംഭിച്ചത് മാസിഡോണിയൻ രാജകുമാരന്റെ ചങ്ങതിമാരയിട്ടയിരുന്നു            എന്നാൽ ഇന്ന് നാം ഒരു ഏകാധിപതിയുടെ അടിമകൾ ആയിരിക്കുന്നു"

ഇതെന്തായാലും അലക്സണ്ടെരിന്റെ കർണങ്ങൾ പിടിച്ചെടുക്കുക തന്നെ ചെയ്തു, കൂട്ടത്തിൽ മുൻപെത്തെ രണ്ടു മുന്നറിയിപ്പുകളും.കോപാകുലനായ അലക്സണ്ടെർ ഫിലോട്ടെസിനെ പിടികൂടാൻ ഉത്തരവിട്ടു.അങ്ങനെ ഫിലോട്ടെസ് രാജ്യത്തിന്റെ അതിഥിയായി,ഇരുമ്പഴിക്കുള്ളിൽ അടക്കപെട്ടു.രാജ്യദ്രോഹകുറ്റം ചുമത്തി മരണം വരെ തൂക്കിലിടാൻ വിധിച്ചു.

ശിക്ഷ നടപ്പിലാക്കുന്നത്തിന്റെ തലേന്ന് അലക്സണ്ടെർ ഫിലോട്ടസിനെ തന്റെ മുൻപിൽ കൊണ്ട് വരാൻ ആക്ഞാപിച്ചു.ബന്ധസഥനായ തന്റെ ബാല്യകാല ചങ്ങതിയെ കണ്ടപ്പോൾ അലക്സണ്ടെർ വികാരഭരിതനായി, കണ്ണീരോടെ ഫിലോട്ടസിനോട് പറഞ്ഞു

"ഫിലോട്ടാസ്, നീ ആരോപണങ്ങൾ പിൻവലിക്കുക,എങ്കിൽ ഈ സമയത്ത് എനിക്ക് നിന്നെ സഹായിക്കാനാവും,നിന്റെ കളിക്കൂട്ടുകാരൻ ആണ് പറയുന്നത്"

ഒരു നിസംഗതയോടെ ഫിലോട്ടാസ് ചോദിച്ചൂ? ഏതു ആരോപണമാണ് ഞാൻ പിൻവലിക്കേണ്ടതു

ഒന്നാമത്തെ ആരോപണം ഒരു തമാശ മാത്രമയിരുന്നു, ദൈവമാണെന്ന് അങ്ങ് സ്വയം സങ്കൽപ്പിച്ച സ്വപ്നലോകം തകർക്കാനുടെഷിച്ചു കൊണ്ടുള്ളത്

അടുത്ത ആരോപണം ഒരു സത്യമാകുന്നു.

മൂന്നാമത്തെ ആരോപണം  ഞാൻ അനുഭവിക്കുന്ന ഒരു യഥാർത്ഥ്യം ആണ്.


"ഫിലോട്ടാസ് ദയവു ചെയ്ത് നിങൾ ആരോപണങ്ങൾ പിനവലിക്കൂ,ഇതെന്റെ അപേക്ഷയാണ്"

"അതിനു ഞാൻ അലക്സണ്ടെർ അല്ല,ഒരിക്കൽ പറഞ്ഞ സത്യം  വിഴുങ്ങാൻ"

അലക്സണ്ടെർ തിരിച്ചു നടന്നു.

എന്നാൽ ഫിലോട്ടാസ് നിർത്തിയില്ല വീണ്ടും ഉറക്കെ വിളിച്ചുപറഞ്ഞു,


അലക്സണ്ടെർ,

"അങ്ങേക്ക് വേണ്ടി എന്ത്  ചെയ്യാനും ഞാൻ തയ്യാറാണ്,മരിക്കാൻ പോകുന്നവന്റെ സന്നധക്ക് അതിരില്ല. പക്ഷേ അങ്ങേക്ക് വേണ്ടി പോലും സത്യങ്ങളെ മറച്ചുവെക്കാൻ എനിക്ക് കഴിയില്ല.തൂക്കുമരത്തിലേക്ക് പോകുന്നതിൽ എനിക്ക് അതിയായ ദുഖമുണ്ട്, പക്ഷേ അത് മരണത്തെ ഭയപ്പെടുന്നത് കൊണ്ടല്ല സത്യം അങ്ങയെ ബോധ്യപെടുത്തുന്നതിൽ ഞാൻ പരാജയപെട്ടല്ലോ എന്നോർത്താണ്.എനിക്ക് എന്നോടുള്ള സഹതാപത്തെക്കൾ കൂടുതൽ ആണ് അങ്ങയോടുള്ള സഹതാപം"


















2014, നവംബർ 6, വ്യാഴാഴ്‌ച

നഷടമാകുന്ന രാഷ്ട്രീയ സാക്ഷരത

മലയാളികൾക്ക് അത്യാവിശമായി വേണ്ടത് "രാഷ്ട്രീയ സാക്ഷരത"യാണ്.സ്വന്തം പാർട്ടിയും നേതാക്കളും എന്ത് പറയുന്നോ അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന ആഭാസത്തരം ഇനിയെങ്കിലും നിർത്തൂ.പാർട്ടിയും നേതാക്കളും അല്ല,രാഷ്ട്രത്തിനാണ് മുൻഘടന നൽകേണ്ടത്.

ഇന്ത്യൻ പ്രധാനമന്ത്രി മോഡിയാണ്.അത്  സ്വപ്നമല്ല സത്യമാണ്.ഇനിയെങ്കിലും ആ യഥാർത്ഥ്യം മനസ്സിലാക്കുക."സ്വച്ഛ് ഭാരത്"പദ്ധതിയുമായി മോഡി വന്നതും സകലമാന പാർട്ടിക്കാരും പരിഹാസ്സവുമായി വന്നു.പച്ചിലയാണ്,ഇതൊരു ഉടയിപ്പാണ്,കണ്ണിൽ പോടീ ഇടലാണ്,ഉമ്മാക്കി ആണ് എന്നൊക്കെ ആയിരുന്നു ആരോപണങ്ങൾ.മോഡിയുടെ രാഷ്ട്രീയമോ,മുൻ കാലങ്ങളിൽ സ്വീകരിച്ച ഫാസിസ്റ്റ് നയങ്ങളോ അല്ല ഞാൻ പിൻതാങ്ങുന്നത്.മാലിന്യനിര്മാജനം എന്ന സംഗതിയെ ആണ്.തീർച്ചയായും മോഡി തുടങ്ങേണ്ടത് മാലിന്യമുക്തമായ ഡൽഹിയിലെ ജൻപത്തിൽ അല്ല.വാരാണസിയിൽ നിന്നാണ്.അങ്ങേ അറ്റം മാലിന്യകൂമ്പരങ്ങളാണ് കാശിയിൽ ഉള്ളത.അതായത് മാലിന്യം കാരണം മനുഷ്യരെ കാണാത്ത അവസ്ഥയാനുള്ളത്.മോഡി മുൻപോട്ടു വെച്ച ആശയം,മാലിന്യമുക്തമായ ഇന്ത്യ നാം, ഓരോരുത്തരും നിത്യജീവിതത്തിൽ പാലിക്കേണ്ട ഒന്നാണ്.

"സ്വച്ഛ് ഭാരത്" പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയത് ശശി തരൂർ ആണ്.അതിന്റെ പേരിൽ പാവത്തിനെ വക്താവ് സ്ഥാനത്ത് നിന്നും കഴുത്തിനു പിടിച്ചു എടുത്തുകളഞ്ഞു.അല്ലെങ്കിലും UPA സർക്കാരിന് ഒരു മന്ത്രി എന്ന നിലയിലും,ഒരു MP എന്ന നിലയിലും ശശി തരൂരിനെ ഉപയോഗിക്കുന്നതിൽ വല്ല്യ താൽപ്പര്യം ഒന്നുമുണ്ടായിരുന്നില്ല.യു.എൻ സെക്രെട്രി സ്ഥാനത്തേക്ക് വരെ മത്സരിച്ച ഒരാൾ നാണം കെട്ട ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വന്നത് തന്നെ ആനമണ്ടത്തരം ആയിരുന്നു.മീഡിയയും ശശി തരൂരിനെ രാഷ്ട്രീയ ഭിക്ഷാംദേഹി വരെ ആക്കി കളഞ്ഞു.കേരള രാഷ്ട്രീയത്തിലെ കോണ്‍ഗ്രേസ് നാടകാച്ചര്യമാരെ സംബടിച്ചതോളം ശശി തരൂർ ചെയ്തത് പാർട്ടി നയത്തിന് എതിരാണെത്രെ?അല്ലെങ്കിലും ജനനന്മ എന്നതു എന്താണെന്നു കോണ്‍ഗ്രേസിലെ ഊളകൾക്കറിയില്ലല്ലോ.

വിപ്ലവം എഴുതികാണിച്ചും,പഴയ തഴമ്പിൽ തടവിയും സാധാരക്കാരനിൽ നിന്നും അകന്നു അകന്നു പോയികൊണ്ടിരിക്കുംബോയാണ്,"ശുചിത്യകേരളം" എന്ന മാലിന്യനിർമാർജന പരിപാടിയുമായി CPIM കടന്നു വന്നത്.ഞാൻ ഈ അടുത്തു കണ്ട വിപ്ലവം ഇത് തന്നെയായിരുന്നു.മറ്റു സംസ്ഥാങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ എല്ലാ നഗരങ്ങളും കുപ്പതൊട്ടിയാണ്‌.അതയത് എല്ലാ സിറ്റികളും മാലിന്യത്തെ മറച്ചു വെക്കും എന്നാൽ കേരളത്തിലെ അവസ്ഥ മാലിന്യം കാരണം സിറ്റി മറയുന്നു എന്നതാണ്.കൊച്ചിയിലെ കൊതുക് പരശുരാമൻ മഴു എറിഞ്ഞത് മുതലുള്ളതാണ്.പക്ഷേ ഇതിനെയും എതിർക്കാൻ ഒരു വിഭാഗം ഉണ്ടായി എന്നതാണ് വിചിത്ര്യം.പിണറായി വിജയനെ ഒരു സഖാവ് എന്ന നിലയിൽ എനിക്ക് കാണാൻ കഴിയില്ല.പക്ഷേ "ശുചിത്യകേരളം" പരിപാടിയിൽ വെറുതെ
ഫോട്ടോക്ക് പോസ് ചെയ്യാതെ രംഗത്തിറങ്ങി.ഷൂസും കൈയ്യുറയും ഉപയോഗിച്ചു എന്ന് പരിഹസിച്ചവരോട് ഒന്ന് ചോദിക്കട്ടെ?അണുക്കളെ പ്രധിരോച്ചു കൊണ്ടല്ലാതെ പിന്നെങ്ങനെയാണ് മാലിന്യം നീക്കം ചെയ്യുക. എവിടെ,വിമർശനം മാത്രം പഠിച്ചു വെച്ചിരിക്കുന്നവർ തലച്ചോർ പാർട്ടിക്ക് സംഭാവന ചെയ്തിരിക്കുക ആണല്ലോ.ഇനിയിപ്പോ മാലിന്യമാണോ ഇവിടെത്തെ ആകെയുള്ള പ്രശനം എന്ന് ചോദിച്ചു വരുന്നവർക്ക്‌ ഒരു മറുപടിയെ എന്റെ കയ്യിൽ ഒള്ളൂ,അതെ മാലിന്യമുകതമായാൽ കേരളത്തിലെ 50 ശതമാനം പ്രശനവും തീരും.കൊട്ടും കുരവയുമയി കൊണ്ട് വന്ന ഫ്ലെക്സ് വിമുക്ത കേരളം പദ്ധതി എന്തിനാണാവോ പിൻവലിച്ചത്?അതിന്റെ ക്രെഡിറ്റ് സഖാക്കളോ സന്ഘികളോ കൊണ്ട് പോകും എന്ന് കരുതിയാണോ?ഏതയാലും "ശുചിത്യകേരളം"പദ്ധതിയും വിപ്ലവം ആണെന്ന് കാണിച്ചു തന്ന സഖാവ് തോമസ്‌ ഇസകിനും,പാർട്ടിയെക്കാൾ സ്വന്തം നിലപാട് പ്രവർത്തിച്ച ശശി ത്രൂരിനും അദേഹത്തെ അതിനു ചലഞ്ച് ചെയ്ത pm നും വിപ്ലവ അഭിവാദ്യങ്ങൾ







2014, നവംബർ 3, തിങ്കളാഴ്‌ച

നിൽപ്പ് സമരത്തിനിടക്ക് അട്ടപ്പാടിയിൽ ഒരു ശിശു മരണം കൂടി.രണ്ടു മാസ്സത്തിനിടക്ക് ഇത് ആറാമത്തെ മരണം അതും പോഷക ആഹാരകുറവ്.നല്ല നാടൻ ഭാഷയിൽ പറഞ്ഞാൽ പട്ടിണി തന്നെ.

ഇനിയും എത്രനാൾ ഇവരിവിടെ നിൽക്കും?എത്ര പിന്തുണ കിട്ടിയിട്ടും കാര്യമില്ല.കാണേണ്ടവർ കാണുന്നില്ല,കണ്ടതായി ഭാവിക്കുന്നില്ല.നിൽപ്പ് സമരം ഒരു പുതിയ സമരമുറ മലയാളികൾക്ക് പരിചയപ്പെടുത്തി എന്നതിൽ കവിഞ്ഞു അനുഭാവപൂർണമായ ഒരു നോട്ടം കൂടി നേടാൻ ആയില്ല.യുവസമൂഹവും സെലിബ്രിറ്റികളും സോഷ്യൽ മീഡിയയും കൂടെ ഉണ്ടെകിൽ പോലും ന്യായമായ അവിശ്യങ്ങൾ പോലും അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല.രൂപേഷിനെയും സംഘത്തെയും കണ്ടെത്താൻ വേണ്ടി തണ്ടർബോൾട്ടിനെ ഇറക്കുന്ന ചെലവ് പോലും വേണ്ട ഈ നിൽപ്പ് സമരം തീർക്കാൻ.എന്നിട്ടും സർക്കാർ എന്തെ ശ്രമിക്കുന്നില്ല?കാരണം നിസ്സാരമാണ് പട്ടിണി കിടന്നു മടുക്കുമ്പോൾ അവർ നിർത്തി പോകും എന്ന ധാരണ.

ചുംബനസമരത്തെ എതിർത്തവരോ,കാണാൻ വന്ന പ്രബുദ്ധ കേരളാ സമൂഹമോ ഈ സമരത്തെ അനുകൂലിച്ചു അനന്തപുരിയിൽ സംഘടിച്ചുരെന്നെങ്കിൽ,കുറഞ്ഞ  പക്ഷം മധ്യമ ശ്രദ്ധയെങ്കിലും കിട്ടുമായിരുന്നു.ആദിവാസ്സികളെ ഇപ്പോയും സമൂഹം ഒരകലത്തിൽ നിർത്തിയിരിക്കുന്നു എന്നതാണ് സത്യം.ആരാണ് ഇവരെ ഇങ്ങനെ ഒരു സമരത്തിനു പ്രേരിപ്പിച്ചത് എന്നറിയില്ല.ചിലപ്പോൾ മുത്തങ്ങ സംഭവം ഓർത്തത് കൊണ്ടാകാം?സമധാനപരമായ ഒരു സമയവും വിജയിക്കും എന്ന് തോന്നുന്നില്ല.കാരണം ഇറോം ഷർമിള വർഷങ്ങളായി നടത്തുന്ന പോരാട്ടം ഭരണകൂടം കാണുന്നില്ല.നിൽപ്പ് സമരത്തിലൂടെ നേടേണ്ടത് അവർ മുന്നോട്ടു വെച്ച അവകാശങ്ങൾ ആണ് അല്ലാതെ ഭരണകൂടത്തിന്റെ ഒഅവ്ദര്യം ആകരുത്?

 മാറി വരുന്ന ഓരോ സർക്കാരും വാഗ്ദാങ്ങൾ അല്ലാതെ എന്താണ് ഇവർക്ക് വേണ്ടി ചെയ്തിട്ടുള്ളത്.പാഴാക്കി കളഞ്ഞ കോടികളോ?ഭരണകൂടം തന്നെയാണ് വർഗീസുമരെ സ്ര്യഷ്ടിക്കുന്നത്.മെട്രോ വരെ ഉണ്ടായികൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ആദിവാസ്സികൾ ഇന്നും 1965-ൽ നിന്നും മുന്നോട്ടു  വന്നിട്ടില്ല.ഇനിയും വര്ഗീസുമാരും രൂപേഷും ഉണ്ടാവുന്നു എങ്കിൽ ഭരണകൂടമേ നിങൾക്കതിൽ നിന്നും ഒഴിഞ്ഞു മാറാൻ ആവില്ല


നിൽപ്പ്സമരത്തിനു പിന്തുണ നല്കുന്ന എല്ലാവർക്കും

                                                                                            അഭിവാദ്യങ്ങൾ